കാഠ്മണ്ഡു: നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ.
50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ-5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
കെ.പി. ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ.പി. ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.